വെള്ള പെയിന്റടിച്ചില്ല; വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു, യാത്ര റദ്ദാക്കി

news image
Oct 14, 2022, 3:06 am GMT+0000 payyolionline.in

കൊല്ലം: നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലത്ത് പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വൺ എസ്’ എന്ന ബസാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജിൽ നിന്നുള്ള വിദ്യാർഥികളുമായി വിനോദയാത്ര പോകാൻ എത്തിയ ബസാണ് പിടിച്ചെടുത്തത്. തുടർന്ന് വിനോദയാത്രക്കുള്ള അനുമതി എംവിഡി ഉദ്യോഗസ്ഥർ റദ്ദാക്കി.

സംസ്ഥാനത്ത് വാഹന പരിശോധന കർശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളർകോഡ‍് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികൾ കർശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനം എല്ലാ വാഹനങ്ങൾക്കും ബാധകമായിരിക്കും. ഇക്കഴിഞ്ഞ ദിവസം 19 കെഎസ്ആർടിസി ബസ്സുകൾക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300  രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്കിട്ടു എന്ന കാര്യം അപ്രസക്തമാണ്. ഇതേക്കുറിച്ച് കൂടുതൽ പരിശോധനയുടെ ആവശ്യമില്ല. 10 മണി കഴിഞ്ഞ് കെഎസ്ആർടിസി ബസ് എവിടെ വേണമെങ്കിലും നിർത്താം. അക്കാര്യത്തെക്കുറിച്ച് കൂടി ബോധ്യമുള്ളവനാകണം പുറകിലെ വാഹനമോടിക്കുന്നയാൾ. കളർ കോഡ് പാലിക്കാൻ സമയം ലഭിച്ചില്ലെന്ന ബസ് ഉടമകളുടെ വാദം അ൦ഗീകരിക്കാനാകില്ല. കഴിഞ്ഞ ജൂൺ മാസം മുതൽ നിർദ്ദേശം നടപ്പാക്കിയിരുന്നു. പിഴ അടച്ച് ചിലർ നിയമല൦ഘന൦ ആവർത്തിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe