കോഴിക്കോട്: വേങ്ങേരി വെഹിക്കിൾ ഓവർപാസ് പൂർണതോതിൽ 45 മീറ്റർ വീതിയിൽ ഗതാഗതത്തിനു തുറന്നു. രാമനാട്ടുകര–വെങ്ങളം 28.400 കിലോമീറ്റർ ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന ഏറ്റവും വീതി കൂടിയ ഓവർപാസ് വേങ്ങേരിയിലാണ്.
തൊട്ടടുത്ത മലാപ്പറമ്പ് ഓവർപാസ് 40 മീറ്റർ വീതിയിലാണ്. കഴിഞ്ഞ വർഷമാദ്യം വേങ്ങേരി ജംക്ഷനിൽ 45 മീറ്റർ വീതിയിൽ വെഹിക്കിൾ ഓവർ പാസ് നിർമാണം ആരംഭിച്ചപ്പോൾ അപ്രതീക്ഷിതമായി ജപ്പാൻ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെയാണ് ഓവർപാസ് നിർമാണം തടസ്സപ്പെട്ടത്. തുടർന്നാണ് 14 മീറ്റർ വീതിയിൽ ഒരു ഭാഗം ഓവർപാസ് നിർമിച്ച് 6 മാസം മുൻപ് 2 വരി പാലം തുറന്നത്.
ജപ്പാൻ പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷം ഓവർ പാസ് നിർമാണം പുനരാരംഭിക്കുകയായിരുന്നു. മലാപ്പറമ്പ് ജംക്ഷനിൽ ദേശീയപാത ആറു വരിയായി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ വെങ്ങളം ഭാഗത്തേക്കുള്ള 3 വരിയാണ് ഇനി നിർമിക്കാനുള്ളത്. ഇതിനായി മലാപ്പറമ്പ് ജംക്ഷനിലെ പാറ ഇടിച്ചുനിരപ്പാക്കുന്ന പ്രവൃത്തി ഇന്നലെ പൂർത്തിയായി. പടിഞ്ഞാറുഭാഗത്തെ അരികുഭിത്തി നിർമാണത്തിന് ഇന്ന് അടിത്തറ നിർമാണം ആരംഭിക്കും. 20 ദിവസത്തിനകം അരികുഭിത്തി നിർമാണം പൂർത്തിയാക്കാനാകും. തുടർന്ന് 3 വരി പാതയുടെ നിർമാണം പൂർത്തിയാക്കും. നിർമാണം അവശേഷിക്കുന്ന കോരപ്പുഴ പാലത്തിന്റെ അവസാന ഘട്ടം കോൺക്രീറ്റിങ് ഇന്നു നടക്കും.