റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിന്‍റെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക.
‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്‍റെ പാട്ടും പോപ്പ് രാജാവ് എന്നറിയപ്പെടുന്ന ഇതിഹാസം മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായാണ് താരതമ്യ പഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയിട്ടുള്ളത്.
ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ എന്ന ഗാനവും പഠനത്തിനായുണ്ട്. ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ഇത് വരുന്നത്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            