വേനൽ ചൂട് വര്‍ധിക്കുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കേരളം

news image
Feb 28, 2025, 5:43 pm GMT+0000 payyolionline.in

ആലപ്പുഴ: വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം നേരിടാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുതായി നിർമ്മിച്ച കെഎസ്ഇബി അമ്പലപ്പുഴ സെക്ഷൻ ഓഫീസിന്‍റെയും സബ് ഡിവിഷൻ ഓഫീസിന്‍റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാർച്ചിൽ ഇത് 100 ദശലക്ഷം യൂണിറ്റിൽ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

വേനൽ ചൂടിന്‍റെ സമയത്ത് കൈമാറ്റ ക്കരാർ വഴി വിവിധ  സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പഞ്ചാബുമായും യുപിയുമായും കരാറിന് ധാരണയായിട്ടുണ്ട്.  റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും തുടർനടപടി. സംസ്ഥാനത്തിന് വൈദ്യുതി അധികമായി ആവശ്യമുള്ള മാർച്ച് മുതൽ മെയ് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനും  ഉപഭോഗം കുറവുള്ള ജൂൺ മുതൽ സെപ്റ്റംബർ  വരെയുള്ള മാസങ്ങളിൽ ഇത് തിരികെ നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. സാധാരണകാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കുവാൻ കെ എസ് ഇ ബിക്ക് സാധിക്കുന്നത് അവരുടെ ഫലപ്രദമായ മാനേജ്മെൻ്റ് സംവിധാനം കൊണ്ടാണെന്ന് എംഎൽഎ പറഞ്ഞു. കാലോചിതമായി കൂടുതൽ മെച്ചപ്പെട്ടതും ഗുണമേൻമയുള്ളതുമായ വൈദ്യുതി ജനങ്ങൾക്കായി നൽകാൻ വിവിധങ്ങളായ പദ്ധതികളാണ് കെ എസ് ഇ ബി സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe