ഇസ്ലാമാബാദ്: അതിർത്തിയിൽ പാക് സൈനികരും താലിബാനും ഏറ്റുമുട്ടി. അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനായി പാക് സൈന്യം വേലി നിർമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പാക്-അഫ്ഗാൻ അതിർത്തിയിലെ നൗഷ്‌കി-ഗസ്‌നി സെക്ടറിലെ അതിർത്തി പോസ്റ്റിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍റെ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാൻ സൈന്യം അഫ്ഗാൻ ചെക്ക്‌പോസ്റ്റുകളിൽ ശക്തമായ പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ താലിബാന് കാര്യമായ ആൾനാശം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിർത്തികൾ സംരക്ഷിക്കാൻ പാകിസ്ഥാൻ ശക്തമായ നടപടികൾ തുടരുമെന്ന് പാക് അധികൃതർ അറിയിച്ചു. അഫ്ഗാന്റെ ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്നും അഫ്ഗാൻ സേനയിൽ നിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണം ഒറ്റപ്പെട്ട സംഭവല്ലെന്നും പാക് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം, അഫ്ഗാൻ പ്രദേശമായ പ്ലോസിനിൽ നിന്ന് പാകിസ്ഥാൻ ചെക്ക് പോസ്റ്റുകൾ ലക്ഷ്യമിട്ട് താലിബാൻ വെടിവെപ്പ് നടത്തിയിരുന്നു. സെപ്റ്റംബർ 8 നും 9 നും നടന്ന ആക്രമണത്തിൽ താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.