ദില്ലി : ഒരു ഇടവേളയ്ക്ക് മണിപ്പൂരിൽ വീണ്ടും ആക്രമണം. അതിർത്തി നഗരമായ മൊറേയിൽ പൊലീസുകാരൻ വെടിയേറ്റു മരിച്ചു. സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചീങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തു മണിയോടെ ആക്രമണം നടന്നത്. പൊലീസുകാരന്റെ വയറിലൂടെ വെടിയുണ്ട തുളച്ചു കയറി. ആക്രമികൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. ഇതിനിടെ മൊറേയിലേക്ക് പുറപ്പെട്ട മണിപ്പൂർ പൊലീസ് സെപ്ഷ്യ ൽ കമാൻഡോ സംഘത്തിന് നേരെ വെടിവെപ്പ് നടന്നു.
നാലിലേറെ പേർക്ക് പരിക്കേറ്റു.സിന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് അർധസൈനികരെ വിന്യസിച്ചു. ആക്രമണങ്ങൾക്ക് പിന്നാലെ, കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റെലക്ച്വൽ കൗൺസിലിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. മണിപ്പുർ സർക്കാരിന്റേതാണ് നടപടി. പൊലീസുകാരന്റെ കൊലപാതകത്തെ തുടർന്ന് കൂടിയ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊല്ലപ്പെട്ട പൊലീസുകാരൻ്റെ കുടുംബത്തിന് 50 ലക്ഷം സഹായധനവും മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചു.