വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; 65 ലക്ഷം കുടുംബങ്ങളെ ബാധിക്കും

news image
Aug 7, 2025, 3:07 pm GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക.

ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തീര്‍പ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവര്‍ക്ക് ഈ നിരക്കുവര്‍ധന ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവര്‍ഷം 303 കോടിരൂപ വേണം.

വൈദ്യുതിബോര്‍ഡ് 2013-ല്‍ കമ്പനിയായി മാറിയപ്പോള്‍, സര്‍ക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്പനിയിലേക്കു മാറ്റാന്‍ ധാരണയുണ്ടാക്കി. പെന്‍ഷന്‍ നല്‍കുന്നതിനായി മാസ്റ്റര്‍ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സര്‍ക്കാരും ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇതുപ്രകാരം ട്രസ്റ്റിനുണ്ടാകുന്ന പെന്‍ഷന്‍ ബാധ്യതയുടെ 65.4 ശതമാനം വൈദ്യുതിബോര്‍ഡും 34.6 ശതമാനം സര്‍ക്കാരും ഏറ്റെടുക്കണം. 10 വര്‍ഷത്തേക്ക് സര്‍ക്കാര്‍ വിഹിതം സര്‍ക്കാരിനുവേണ്ടി കെഎസ്ഇബി സ്വരൂപിക്കുന്ന ഡ്യൂട്ടിയില്‍നിന്ന് നല്‍കാന്‍ തീരുമാനിച്ചു. കാലാവധി പൂര്‍ത്തിയായതോടെ 2023 നവംബര്‍ ഒന്നിന് ഇലക്ട്രിസിറ്റി ഡ്യൂട്ടി സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ഉത്തരവിറങ്ങി. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് ഫണ്ട് നല്‍കുന്നതിനുള്ള ത്രികക്ഷികരാറിലെ 6(9) വകുപ്പുകൂടി റദ്ദുചെയ്തു.

പെന്‍ഷനെ ബാധിക്കുന്ന വകുപ്പ് റദ്ദാക്കിയതിനെതിരേ കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഡ്യൂട്ടി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയായി പിരിക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കാതെ കെഎസ്ഇബിതന്നെ സൂക്ഷിച്ചു.

കേസ് പ്രതികൂലമാകുമെന്ന് കണ്ടതോടെ ജൂലായില്‍ പെന്‍ഷനെ ബാധിക്കുന്ന വകുപ്പുകള്‍ പുനഃസ്ഥാപിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ കേസിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാകും.

പെന്ഷനും അവതാളത്തിലാകും

ഒരുവര്‍ഷം ഡ്യൂട്ടിയായി പിരിച്ചെടുക്കുന്നത് 1500 കോടിയാണ്. നിലവില്‍ കെഎസ്ഇബി പെന്‍ഷന്‍കാരുടെ എണ്ണം 41,000 ആണ്. ഒരുവര്‍ഷം പെന്‍ഷന്‍ നല്‍കുന്നതിന് 2500 കോടിയാണ് ചെലവ്. ഇതില്‍ 1400 കോടിയാണ് താരിഫില്‍നിന്ന് എടുക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ബാക്കി 1100 കോടിരൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍നിന്നാണ് കണ്ടെത്തിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe