ഡിജിറ്റൽ ലോകത്ത് ജീവിക്കുന്ന നമുക്ക് വേഗതയേറിയ നെറ്റ്‍വർക്ക് കണക്ഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഇന്‍റർനെറ്റില്ലാതെ ഒരു ദിവസം കടന്നുപോകുക എന്നത് ഇന്ന് ജനങ്ങളിൽ പലർക്കും പേടി സ്വപ്നമാണ്. അത്തരം സാഹചര്യങ്ങൾ ആലോചിക്കാൻ പോലും സാധിക്കില്ല. അതുപോലെ നമ്മിലെ ക്ഷമ പരീക്ഷിക്കുന്ന മറ്റൊന്നാണ് നെറ്റ് വർക്കിന്‍റെ സ്പീഡ് കുറയുന്നത്. ഇന്‍റർനെറ്റിന്‍റെ ഉപയോഗം അധികമായതോടെ പലരും വൈഫൈ റൂട്ടറുകൾ വീടുകളിൽ വെക്കുന്നതാണ് പതിവ്. എന്നാൽ വൈഫൈ റൂട്ടറുകൾ സ്ഥാപിച്ചിട്ടും നെറ്റ് വർക്ക് സ്പീഡും കണക്റ്റിവിറ്റി പ്രശ്നങ്ങളും നമ്മൾ നേരിടാറുണ്ട്.
ഇത് നമ്മുടെ ഇന്‍റർനെറ്റ് ഉപയോഗത്തെയും ദൈനംദിന ജോലിയെയും ബാധിക്കുന്നു. എന്നാൽ പതിവായി മന്ദഗതിയിലുള്ള വൈഫൈ വേഗത പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വൈഫൈ സെറ്റ് ചെയ്തിലുള്ള പ്രശ്നമാവാം.റൂട്ടർ ശരിയായ സ്ഥാനത്ത് സ്ഥാപിക്കുന്നത് കവറേജ് ഏരിയയും ട്രാൻസ്മിഷൻ വേഗതയും ഗണ്യമായി മെച്ചപ്പെടുത്തും
വൈഫൈ റൂട്ടർ സെറ്റ് ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കുക
റൂട്ടറിന്റെ സ്ഥാനം
അതിവേഗ വൈഫൈയുടെ ലഭിക്കുന്നതിന് ഏറ്റവും നിർണായകമായ ഒന്ന് വൈഫൈ റൂട്ടറിന്റെ ശരിയായ സ്ഥാനമാണ്. വീട്ടിൽ റൂട്ടർ സ്ഥാപിച്ചിരിക്കുന്ന സ്ഥലം വേഗതയും കാര്യക്ഷമതയും ഉറപ്പാക്കും. ഒരു നിലയുള്ള വീടിന് ഒരൊറ്റ വയർലെസ് റൂട്ടർ മതിയാകും. എന്നാൽ ഒരു ബഹുനില വീടിന് വൈഫൈ എക്സ്റ്റെൻഡറുകൾ ആവശ്യമായി വന്നേക്കാം.
റൂട്ടർ മധ്യത്തിൽ വെക്കുക
നെറ്റ്‌വർക്കിന്റെ വിതരണം തുല്യമായി ലഭിക്കുന്നതിനായി വീടിന്റെ മധ്യഭാഗത്ത് വൈഫൈ റൂട്ടർ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും പ്രയോജനപ്പെടുക. ഉയരമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കാനും ശ്രദ്ധിക്കണം. ഇത് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നിലനിർത്താൻ സഹായിക്കുന്നു.
വീട്ടുപകരണങ്ങൾക്കോ ഫർണിച്ചറുകൾക്കോ അടുത്ത് റൂട്ടറുകൾ സ്ഥാപിക്കരുത്
ടിവികൾ, റഫ്രിജറേറ്ററുകൾ, കമ്പ്യൂട്ടർ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ പോലുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ നിന്നും അല്പം അകലെയാണ് റൂട്ടർ സ്ഥാപിക്കേണ്ടത്. സിഗ്നൽ ക്ലാഷ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഇലക്ട്രോണിക് ഡിവൈസുകൾക്ക് അടുത്ത് റൂട്ടർ സ്ഥാപിച്ചാൽ വൈഫൈയുടെ പ്രകടനത്തെ ബാധിച്ചേക്കും.
ഫിഷ് ടാങ്കുകൾക്കും കണ്ണാടികൾക്കും അടുത്ത് റൂട്ടർ സ്ഥാപിക്കരുത്
നിങ്ങളുടെ വൈഫൈ റൂട്ടർ ഫിഷ് ടാങ്കുകളിൽ നിന്നും കണ്ണാടികളിൽ നിന്നും അകറ്റി നിർത്തണം. വെള്ളം വൈഫൈ സിഗ്നലുകളെ തടയുകയും പ്രക്ഷേപണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ കണ്ണാടികൾ സിഗ്നലുകളെ പ്രതിഫലിപ്പിക്കുകയും റൂട്ടറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
