വൈറ്റമിന്‍ ഡിയുടെ അഭാവം ലോകത്ത് നിരവധി പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ അത് അസ്ഥികള്‍ക്കും പേശികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമുള്ള എല്ലുകള്‍ക്കും പല്ലുകള്‍ക്കും വൈറ്റമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധ സംവിധാനത്തിലും വൈറ്റമിന്‍ ഡി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
എന്നാല്‍ വൈറ്റമിന്‍ ഡിയുടെ അളവ് കൂടിപോകുന്നതും പ്രശ്‌നമാണ്. വൈറ്റമിന്‍ ഡിയുടെ അളവ് കൂടിപ്പോയാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ പോലും ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് സൂക്ഷിച്ച് വേണം.
സൂര്യപ്രകാശത്തിന്റെ അഭാവം പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷിക്കും വേണ്ടിയാണ് വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കുന്നത്. പലരും ഓവര്‍ഡോസ് ആയി വൈറ്റമിന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് സാധാരണ കാഴ്ച്ചയാണ്.
എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതു പോലെ വൈറ്റമിന്‍ ഡി അമിതമായാല്‍ അത് കിഡ്‌നികളെ നശിപ്പിക്കുകയും മറ്റ് അവയവങ്ങള്‍ക്ക് ദോഷം വരുത്തുകയും ചെയ്യും. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ശ്രദ്ധയോടെയും എപ്പോഴും ഡോക്ടറുടെ ഉപദേശപ്രകാരവും മാത്രം ഉപയോഗിക്കേണ്ടതാണ്. മനുഷ്യ ശരീരത്തിന് ഒരു ദിവസം കുറഞ്ഞ അളവില്‍ മാത്രമേ വൈറ്റമിന്‍ ഡി ആവശ്യമുള്ളൂ. മുതിര്‍ന്നവര്‍ക്ക് ഇത് സാധാരണ 400 മുതല്‍ 1000 അന്താരാഷ്ട്ര യൂണിറ്റ് വരെയാണ്. ഒരു വ്യക്തി പ്രതിദിനം 4000 അന്താരാഷ്ട്ര യൂണിറ്റില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് അമിതമാകും.