കണ്ണൂർ : വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. ആചാരങ്ങളിലെ വൈവിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായ ഈ ക്ഷേത്രം കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ബാവലിപ്പുഴ രണ്ടായി മുറിക്കുന്ന ഇക്കരെ കൊട്ടിട്ടൂരും അക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കാശി എന്നാണ് കൊട്ടിയൂരിനെ വിശേഷിപ്പിക്കുന്നത്.
ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. വൈശാഖ മാസത്തിൽ നടക്കുന്ന വൈശാഖ മഹോത്സവമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടക്കും. ഈ വർഷത്തെ നെയ്യാട്ടം ഇന്നാണ് നടക്കുക. അതോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.
ചടങ്ങുകളാൽ സമ്പന്നമാണ് കൊട്ടിയൂരിലെ ഓരോ കർമവും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നെയ്യമൃത് ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലാണ് എത്തുക. വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്ക്കിണ്ടികളും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ച ശേഷമാണു ചടങ്ങിനായി എടുക്കുന്നത്.
ആചാരങ്ങളുടെ ഭാഗമായി വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നളളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. മുതിരേരിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് കാൽനടയായാണ് വാൾ എഴുന്നള്ളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വാൾ ഇക്കരെ ശ്രീകോവിലിൽ പ്രവേശിച്ചാൽ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി. നെയ്യാട്ടത്തിനുള്ള അഗ്നി കൊണ്ട് വരുന്നത് കുറ്റിയാടി ചാതിയൂർ മഠത്തിൽ നിന്ന് തേടന്നൂർ വാര്യരാണ്.
വാൾ വന്നാൽ അക്കരെ കടന്ന് ചാതിയൂരിൽ നിന്ന് എത്തിയ തീ ഉപയോഗിച്ച് മണിത്തറയിൽ മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് വെച്ച് തിരിച്ചെത്തിയാൽ നെയ്യഭിഷേകത്തിനുള്ള തുടക്കമായി. പടിഞ്ഞിറ്റ, ഉഷക്കാമ്പ്രം, പാലോന്നം എന്നീ സ്ഥാനികർക്ക്, ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ ഭണ്ഡാര അറയിൽവച്ച് സമുദായി ഭട്ടതിരിപ്പാട് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ നൽകുന്നു. ഇതിനു ശേഷമാണ് നെയ്യാട്ടം.
മുഖമണ്ഡപത്തിൽ ബ്രാഹ്മണ സ്ഥാനികർ ചോതിപുണ്യാഹം നടത്തും. ശേഷം സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറക്കും. പാലോന്നം നമ്പൂതിരി നെയ്യാട്ടത്തിനുള്ള രാശി വിളിച്ചറിയിക്കുന്നതോടെ ആചാരപ്രകാരം നെയ്യാട്ടം ആരംഭിക്കും. ഒരു നാട് കാത്തിരിക്കുന്ന ചടങ്ങിനുള്ള തുടക്കമാണിത്. ആദ്യം വില്ലിപ്പാലൻ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെയും കലശപ്പാത്രങ്ങൾ തുറന്ന് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യ് അഭിഷേകം ചെയ്യും.
നെയ്യാട്ടം നടക്കുന്നത് ചോതി നാളിലാണ്. തുടർന്ന്, വിശാഖം നാളിൽ ഭണ്ഡാരം എഴുന്നള്ളത്ത്. ക്ഷേത്രഗോപുര സ്ഥാനമായ മണത്തണയിൽ നിന്ന് ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. മണിത്തണയിൽ നിന്ന് പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇക്കരെ കൊട്ടിയൂരിന് സമാനമായി ദിനപൂജകൾ ഇല്ല. വൈശാഖ മഹോത്സവമാണ് പ്രധാനം. ഓടപ്പൂവ് ഇവിടെ വിശിഷ്ടമായി കണക്കാക്കപ്പെടുന്നു