തദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള തീയതി ഈമാസം 12 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. ഒന്‍പത് , പത്ത് തീയതികള്‍ എല്ലാ തദേശ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിദിനമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക സംബന്ധിച്ച് ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയില്‍പേരുള്ള പലരും തദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇല്ല. ഒരേ വീട്ടിലെ ഏതാനും പേരെ ഉള്‍പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് എന്നീ പരാതികളാണ് അധികവും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും സമയം നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണിജോസഫും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച് ഇതുവരെ 1.67 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.