വോട്ടിന് പണം നൽകിയ സ്ത്രീ ബിജെപി ഓഫീസിലും ശോഭയ്‌ക്കൊപ്പവും; കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

news image
Apr 8, 2026, 2:25 pm GMT+0000 payyolionline.in

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി കോൺഗ്രസ്. വയോധികയ്ക്ക് പണം നൽകിയെന്ന് പറയപ്പെടുന്ന സ്ത്രീ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിൽക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പണം നൽകിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിക്കുന്നതാണ് ഈ പുതിയ ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ബിജെപി ഓഫീസ് സന്ദർശിച്ച വേളയിൽ ശോഭയ്‌ക്കൊപ്പം ഈ സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് കണ്ണാടിയിലെ തരുവാകുറിശ്ശിയിൽ വെച്ച് വയോധികയ്ക്ക് അയ്യായിരം രൂപ നൽകിയ സ്ത്രീ ശോഭയുടെ കാറിൽ തന്നെയായിരുന്നു ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുൻ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു.

മരണവീട് സന്ദർശിക്കാനെത്തിയപ്പോഴാണ് വയോധികയുടെ കയ്യിൽ പണം വെച്ചുകൊടുത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സംഭവം ചോദ്യം ചെയ്ത പ്രവർത്തകർക്ക് നേരെ ശോഭാ സുരേന്ദ്രൻ ഭീഷണി മുഴക്കുന്നതും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. പണം നൽകിയ സ്ത്രീ ശോഭയുടെ കാറിൽ തന്നെ കയറിപ്പോയതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപി സ്ഥാനാർത്ഥിയുടെ അറിവോടെയാണ് പണം വിതരണം നടന്നതെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe