വോട്ടെണ്ണലിന് ഇനി ഒരാഴ്ച മാത്രം; വൻ പ്രതീക്ഷകളും ഉള്ളിൽ ആശങ്കകളുമായി മുന്നണികൾ, അടിയൊഴുക്കുകൾ നിർണായകമാവും

news image
May 28, 2024, 7:49 am GMT+0000 payyolionline.in

തിരുവനന്തപുരം: വോട്ടെണ്ണലിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ വൻ പ്രതീക്ഷയിലും ഉള്ളിൽ ആശങ്കയിലുമാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും. കണക്കുകളിൽ എല്ലാം ഭദ്രമെന്ന് അവകാശപ്പെടുമ്പോഴും അടിയൊഴുക്കിലാണ് പേടി. ഫലം മുന്നണികൾക്കെല്ലാം ഏറെ നിർണ്ണായകവും. വോട്ട് പെട്ടിയിലായിട്ട് ഒരു മാസത്തിലേറെയായി. ഫലം വരാൻ സമയമുണ്ടല്ലോ എന്ന് കരുത് ആളുകൾ തെരഞ്ഞെടുപ്പ് തന്നെ മറന്നോ എന്നുവരെ സംശയമുണ്ട്. ഇനിയാണ് നെഞ്ചിടിപ്പിന്റെ നാളുകൾ. കൂട്ടലും കിഴിക്കലുമെക്കെ തീരുകയാണ്. ആ വലിയ ഫലം വരാൻ ഇനി ഒരാഴ്ച മാത്രം.

തുടക്കം മുതൽ ഇപ്പോഴും യുഡിഎഫ് ആവർത്തിക്കുന്നത് ഫുൾ സീറ്റ് വിജയമാണ്. എന്നാൽ പുറത്ത് അങ്ങനെ പറയുമ്പോഴും അഞ്ചിലേറെ സീറ്റിൽ നല്ല പോരാട്ടം നടന്നുവെന്ന് മുന്നണി സമ്മതിക്കുന്നു. എവിടെയെങ്കിലും പിഴച്ചാലും 17ൽ ഒരു കാരണത്താലും കുറയില്ലെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സംസ്ഥാന സർക്കാറിനെതിരായ ജനവിരുദ്ധ വികാരത്തിലുമാണ് മുഴുവൻ പ്രതീക്ഷയും. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചു പോയാൽ കണക്കുകൾ തെറ്റുമെന്ന ആശങ്കയും യുഡിഎഫ് ക്യാമ്പിലുണ്ട്.

മോശം സ്ഥിതിയെ മികച്ച പ്രവർത്തനം കൊണ്ട് മറികടക്കാനായെന്നാണ് ഇടതുപക്ഷത്തെ പ്രതീക്ഷ. ഈസി വാക്കോവർ യുഡിഎഫ് കരുതിയപ്പോൾ, അവസാനം പത്തിലെറെ സീറ്റുകളിൾ നല്ല പോരാട്ടം കാഴ്ച വെക്കാനായെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭരണവിരുദ്ധ വികാരമില്ലെന്നാണ് മുന്നണി പറയുന്നത്. വിവാദ പരമ്പരകളെ സംഘടനാശേഷി വഴി മറികടക്കാനായെന്നാണ് കരുതുന്നത്. 2019ലെ സ്ഥിതി മാറി ന്യൂനപക്ഷവോട്ടുകൾ ഇത്തവണ തങ്ങൾക്കൊപ്പമെന്നാണ് പ്രതീക്ഷ. കണക്ക് തെറ്റിച്ച് ഭരണവിരുദ്ധവികാരം പ്രതിഫലിച്ചാൽ എന്താകുമെന്ന ആശങ്ക പക്ഷേ മുന്നണിക്കുണ്ട്.

ഇത്തവണ വിരിഞ്ഞില്ലെങ്കിൽ ഇനിയില്ലെന്ന നിലയ്ക്കാണ് ബിജെപിയുടെ എല്ലാ കണക്കും. കേന്ദ്രമന്ത്രിമാരെ വരെ സ്ഥാനാർത്ഥികളാക്കിയായിരുന്നു പോരാട്ടം. പലവട്ടം പറന്നെത്തിയ മോദിയിലാണ് സകല പ്രതീക്ഷകളും. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ വോട്ടാകുമെന്ന് ഉറച്ചുപറയുന്നു പാർട്ടി. ഡബിൾ ഡിജിറ്റ് സീറ്റ് പറയുന്നെങ്കിലും മൂന്നെണ്ണമാണ് അവസാന കണക്കിൽ. തിരുവനന്തപുരവും തൃശൂരും പിന്നെ ആറ്റിങ്ങലും.ഈ മൂന്ന് സീറ്റുകൾ ഉറപ്പിക്കുന്നുണ്ട് ബിജെപി. ഒരുവട്ടം കൂടി മോദിയെന്ന് ഉറപ്പായിരിക്കെ, രാഹുൽ ഫാക്ടറും ഇന്ത്യാസഖ്യവുമൊന്നും ഏശില്ലെന്നാണ് കണക്കുകൂട്ടൽ. ക്രോസ് വോട്ടിൻറെ ഭീഷണി ഇത്തവണയും മുന്നിലുണ്ട്. ഇനിയും താമര വിരിഞ്ഞില്ലെങ്കിൽ ബിജപി കേരള ഘടകത്തിന് പിടിച്ചുനിൽക്കാനാകില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe