കൊച്ചി: പോസ്റ്ററും ചുവരെഴുത്തും എത്രയൊക്കെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥിക്ക് പാട്ടിന്റെ കൂട്ട് ഒരു ധൈര്യം തന്നെയാണ്. സ്വന്തം നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും എതിരാളിയെ കടന്നാക്രമിച്ചും ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് ജനപ്രിയ ഗാനങ്ങളുടെ പാരഡിയായി പിറക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾക്ക് പാർട്ടിഭേദമന്യേ ആവശ്യക്കാർ ഏറെ. ഇത്തവണയും ഈ പതിവിന് മാറ്റമില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാനാർഥികൾക്കായി പാട്ടൊരുക്കുന്ന തിരക്കിലാണ് ഈ രംഗത്തെ കലാകാരന്മാർ.
സ്ഥാനാർഥികൾ കുറവായതിനാൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് കാലങ്ങളിലെ തിരക്ക് ഇത്തരം പാട്ടൊരുക്കുന്നവർക്ക് ഇല്ല. എങ്കിലും പാട്ടില്ലാതെന്ത് വോട്ട് എന്നതാണ് അവസ്ഥ. സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥികൾ ഇതിനകം പാട്ട് തയാറാക്കാൻ ഓർഡർ നൽകിക്കഴിഞ്ഞു. പെട്ടെന്ന് വോട്ടർമാരുടെ മനസ്സിലെത്തുന്ന പാട്ടുകളുടെയും പുതിയ ട്രെൻഡിനനുസരിച്ച പാട്ടുകളുടെയും പാരഡികളാണ് എല്ലാ പാർട്ടികളും ആവശ്യപ്പെടുന്നത്. ഒറ്റയടിക്ക് വോട്ടർമാരെ കൈയിലെടുക്കാൻ പറ്റിയ മസാലകളെല്ലാം അതിലുണ്ടാകും.
ഇത്തവണ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, വിജയ് ചിത്രമായ ലിയോ എന്നിവയിലെ പാട്ടുകളുടെ ഈണത്തിലുള്ളവയാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ 70കളിലെയും 80കളിലെയും നിത്യഹരിത സിനിമാഗാനങ്ങൾ, കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ എന്നിവയുടെ പാരഡിക്കും മുന്നണിഭേദമന്യേ സ്ഥാനാർഥികൾക്കിടയിൽ പ്രിയമുണ്ട്. പുതിയ സിനിമകളിൽ വീണ്ടും ഉപയോഗിച്ച് ട്രെൻഡായി മാറുന്ന പഴയ ഗാനങ്ങളോടാണ് ചിലർക്ക് ഇഷ്ടം.
സംസ്ഥാന ഭരണത്തെയും എൽ.ഡി.എഫിനെയും ബി.ജെ.പിയെയും കണ്ണടച്ച് വിമർശിക്കാം എന്നതിനാൽ യു.ഡി.എഫിന് വേണ്ടിയുള്ള പാട്ടെഴുത്ത് കുറച്ചുകൂടി എളുപ്പമാണെന്ന് മൂന്ന് പതിറ്റാണ്ടായി ഈ രംഗത്തുള്ള അബ്ദുൽ ഖാദർ കാക്കനാട് പറയുന്നു. എൽ.ഡി.എഫിനുവേണ്ടി എഴുതുമ്പോൾ യു.ഡി.എഫിനും ബി.ജെ.പിക്കും കണക്കിന് കൊടുക്കാമെങ്കിലും സംസ്ഥാന സർക്കാറിന് പരിക്ക് പറ്റാതെ നോക്കണം. എൽ.ഡി.എഫ് ഗാനങ്ങളിൽ സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടം മുതൽ പത്മജയുടെ ബി.ജെ.പി പ്രവേശനം വരെ വിഷയമാകുമ്പോൾ യു.ഡി.എഫ് പാട്ടുകളിലുള്ളത് വീണയുടെ മാസപ്പടിയും പിണറായിയുടെ മോദിപ്പേടിയുമൊക്കെയാണ്.
മോദിയുടെ വർഗീയ ധ്രുവീകരണത്തിനെതിരായ ആക്രമണം ഇരുമുന്നണിയുടെയും പാട്ടിൽ കാണാം. മണ്ഡലത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും വെയ്റ്റിങ് ഷെഡ് സ്ഥാപിച്ചതുമടക്കം പ്രാദേശിക വികസന വിഷയങ്ങൾ പാട്ടിൽ വേണമെന്ന് ചില എം.പിമാർക്ക് നിർബന്ധമാണ്. ഒരു സ്ഥാനാർഥിക്ക് അഞ്ച് പാട്ട് വരെയാണ് തയാറാക്കുന്നത്. നേതാക്കൾക്ക് സമ്മാനമെന്ന നിലയിൽ പാട്ടുകൾ സ്പോൺസർ ചെയ്യാൻ മത്സരിക്കുന്ന അനുയായികളുമുണ്ട്. പ്രഫഷനൽ ഗാനമേളകളിലെ ഗായകരാണ് പാടാനെത്തുന്നത്. ഇതുകൊണ്ടൊക്കെ വോട്ടർമാർ പാട്ടിലാകുമോ എന്നറിയാനാണ് ഇനി സ്ഥാനാർഥികളുടെ കാത്തിരിപ്പ്.