മലപ്പുറം: മങ്കടയിലെ യുഡിഎഫ് സ്ഥാനാർഥിയായ മഞ്ഞളാംകുഴി അലിക്കെതിരെ പരാതി. വോട്ടർമാരെ സ്വാധീനിക്കാൻ മെഗാ സ്റ്റാറ്റസ് ചലഞ്ച് നടത്തി പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. എൽഡിഎഫാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തന്റെ റീലുകൾക്കും പോസ്റ്ററുകൾക്കും കൂടുതൽ പ്രചാരം നൽകുന്ന ആളുകൾക്ക് ദിനംപ്രതി 5000 രൂപ വാഗ്ദാനം ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്നാണ് പരാതി. ഈ ചലഞ്ചിൽ പങ്കെടുക്കുന്ന വ്യക്തികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വോട്ടർമാർക്ക് 25000 രൂപ വിലവരുന്ന മൊബൈൽ ഫോണും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകിയത് മഞ്ഞളാംകുഴി അലിയുടെ അറിവോടെയാണെന്നും മങ്കട മണ്ഡലം കെപിസിസി ഗ്ലോബൽ കെഎംസിസി കമ്മിറ്റിയാണ് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ഇത്തരത്തിൽ ചലഞ്ച് സംഘടിപ്പിച്ചത് എന്നുമാണ് പരാതിയിൽ പറയുന്നത്.
എൽഡിഎഫ് സ്ഥാനാർഥി കുന്നത്ത് മുഹമ്മദിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ ടി കെ റഷീദലിയാണ് പരാതി നൽകിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ, മാക്ടാ മണ്ഡലം റിട്ടേർണിംഗ് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 121(1) (എ) (6) വകുപ്പിന്റെ ലംഘനമെന്നാണ് പരാതി.
