തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം തിരിച്ചറിയാൻ ഫാക്ട് ചെക്കിങ് സംവിധാനം വിപുലമാക്കി സംസ്ഥാന സർക്കാർ. പൊതുജീവിതത്തെ ബാധിക്കുന്ന, സർക്കാർ സേവനങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവിവരങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ (പിആർഡി) ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ലക്ഷ്യം.
സർക്കാരിന്റെ വിവിധ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ, തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് https://factcheck.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയിക്കാം. മൊബൈലിൽനിന്നോ കംപ്യൂട്ടറിൽനിന്നോ വെബ്സൈറ്റിൽ ചിത്രങ്ങളോ വീഡിയോയോ അപ്ലോഡ് ചെയ്യാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും ഈ സൗകര്യം ഉപയോഗിക്കാം. സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയിലുള്ളതാണെങ്കിൽ, ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫീസറിൽനിന്നുള്ള വിശദീകരണത്തോടെ വെബ്സൈറ്റിലും ഫാക്ട് ചെക്ക് ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. തുടർനടപടി ആവശ്യമെങ്കിൽ അതത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും. സൈബർ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള വ്യാജ പ്രചാരണം സംബന്ധിച്ചും ബോധവൽകരണം നൽകുന്നുണ്ട്. പത്ര, ദൃശ്യമാധ്യമങ്ങൾഫാക്ട്ചെക്കിന്റെ പരിധിയിൽ വരുന്നില്ല. ഫെയ്സ് ബുക്ക് ഐഡി: facebook.com/keralafactcheck.