വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ്യ സൂത്രധാരൻ പിടിയിൽ

news image
Oct 22, 2025, 12:00 pm GMT+0000 payyolionline.in

കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ഷിറാജുൽ ഇസ്ലാമിനെയാണ് കേരള ക്രൈംബ്രാഞ്ച് സംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നിൽ വൻസംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 2023-ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പിൻ്റെ വ്യാപ്തി കണക്കിലെടുത്ത് പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ പ്രധാന കേന്ദ്രം അസമിലാണ് എന്ന് കണ്ടെത്തിയത്.

അസമിൽ തങ്ങി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസിലെ മുഖ്യസൂത്രധാരനായ ഷിറാജുൽ ഇസ്ലാം അറസ്റ്റിലായത്. ഇയാൾ അസമിൽ ആഡംബര വീടും കോഴിഫാമും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അതീവ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മികച്ച സിബിൽ സ്കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തട്ടിയെടുത്തായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്കിന്റെ തന്നെ ആപ്പ് വഴി ലോണുകൾ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോൺ കിട്ടണമെങ്കിൽ വിഡിയോ കെവൈസി പൂർത്തിയാക്കണം. വീഡിയോ കൈവൈസി പൂർത്തിയാക്കാൻ പാൻകാർഡിലെ അതേ വ്യക്തി തന്നെ വീഡിയോ കെവൈസിയിൽ എത്തേണ്ടതുണ്ട്. അതിനാൽ വ്യാജ പാൻ കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

യഥാർത്ഥ പാൻ കാർഡ് ഉടമയുടെ ഫോട്ടോ മാറ്റി, തട്ടിപ്പുകാരുടെ ഫോട്ടോ ചേർത്ത വ്യാജ പാൻ കാർഡാണ് കെവൈസിക്ക് വേണ്ടി സമർപ്പിച്ചത്. തുടർന്ന്, വീഡിയോ കെവൈസി കോളിൽ ഈ വ്യാജ പാൻ കാർഡിൽ ഫോട്ടോയുള്ള പ്രതികൾ തന്നെ പ്രത്യക്ഷപ്പെട്ട് കെവൈസി നടപടികൾ പൂർത്തിയാക്കി. ഇത്തരത്തിൽ 500-ൽ അധികം പേർക്കായി വ്യാജ പാൻ കാർഡ് തയ്യാറാക്കിയാണ് പ്രതികൾ 27 കോടി രൂപ തട്ടിയെടുത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe