ഇരിട്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ ക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് ഇരിട്ടിയിൽ രണ്ടു യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
ഇരിട്ടി നേരമ്പോക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കണ്ണൂർ ഇരിണാവ് സ്വദേശി മിഥുൻ (37), കൂട്ടുപുഴ സ്വദേശി അരുൺ തോമസ് (38) എന്നിവർക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. സെപ്റ്റംബർ അഞ്ചിനും 13നും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
ഇരിട്ടിക്കടുത്ത് മാടത്തിയിൽ പ്രവർത്തിച്ചു വരുന്ന ആട് ഫാമിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയെന്ന് കാണിച്ച് എൻജിനീയർ നോബി ജോർജ് ജില്ല പൊലിസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ഫാം ഉടമക്ക് തോന്നിയ സംശയമാണ് കേസിന് വഴിത്തിരിവായത്.
സമാനമായ രീതിയിൽ ഇരുവരും അടങ്ങുന്ന സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് കൂടി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സംഘം പറഞ്ഞു.