തിരുവനന്തപുരം > വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മറുനാടൻ മലയാളി യുട്യൂബ് ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.
തനിക്കെതിരെ വ്യാജവാർത്ത നൽകിയെന്നും ഇത് പിൻവലിക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് എ എച്ച് ഹഫീസിന്റെ പരാതി. കൊലക്കേസ് പ്രതികളെ മുണ്ടക്കയത്തുള്ള ഒരു ബേക്കറിയിൽ ഒളിപ്പിച്ചു എന്ന തരത്തിലാണ് തനിക്കെതിരെ വ്യാജവാർത്ത നൽകിയതെന്ന് ഹഫീസ് പരാതിയിൽ പറയുന്നു.
കൂടാതെ ഇക്കഴിഞ്ഞ ആഗസ്റ്റ് 24 ന് പരാതിക്കാരൻ കാറുമായി പട്ടം പനച്ചമൂട് ലെയിനിൽ നിൽക്കുമ്പോൾ ഷാജൻ സ്കറിയ മറ്റൊരു കാറിൽ അവിടെയെത്തുകയും ‘നിങ്ങൾക്ക് 34 ലക്ഷം രൂപയുടെ കാർ വാങ്ങാൻ പണമുണ്ട് ഞാൻ ആവശ്യപ്പെട്ട 15 ലക്ഷം രൂപ തരാൻ പറ്റില്ല അല്ലെ, നിന്നെ ഞാൻ കാണിച്ചു തരാം’ എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.