കോട്ടയം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേരുപയോഗിച്ച് സമൂഹമാധ്യമം വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.
‘ഐ ഫോണിന് വെറും 498 രൂപ, സോണിയുടെ ടി.വിക്ക് 476 രൂപ, ആപ്പിൾ വാച്ച് വെറും 495 രൂപ… ! എന്നിങ്ങനെയുള്ള പരസ്യങ്ങൾ കണ്ട് എല്ലാംമറന്ന് ബുക്ക് ചെയ്യരുത് എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം പരസ്യങ്ങൾ വരുന്നത്. പരസ്യത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ഫ്ലിപ് കാര്‍ട്ട്, ആമസോൺ എന്നിങ്ങനെയുള്ള ഷോപ്പിങ് സൈറ്റുകളാണെന്നാണ് ഒറ്റയടിക്ക് തോന്നുക. ഓഫറുകളുടെ വ്യാജ സൈറ്റുകൾ തിരിച്ചറിയാൻ അവയുടെ വെബ്സൈറ്റ് അഡ്രസ് സൂക്ഷ്മമായി പരിശോധിച്ചാൽ മതിയാകും. ഉപയോക്താക്കൾ ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് ആവശ്യപ്പെടുന്നു.