കോഴിക്കോട് : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം ഉപേക്ഷിച്ചതെന്നു കരുതുന്ന ട്രോളി ബാഗുകൾ കണ്ടെടുത്തു. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് രണ്ട് ബാഗുകൾ കണ്ടെത്തിയത്. പാറക്കൂട്ടങ്ങൾക്കിടയിലും വെള്ളത്തിലുമായാണ് രണ്ട് ബാഗുകളും കണ്ടത്. അട്ടപ്പാടി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്ന് സ്യൂട്ട്കേസ് താഴേക്ക് തള്ളിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാഗുകൾ കണ്ടെത്തിയത്. വിശദമായ പരിശോധനകൾക്കു ശേഷമേ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയപ്പെടുന്ന ബാഗ് ആണോ ഇതെന്ന് അറിയാൻ പറ്റു. വിദഗ്ധരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ഹോട്ടലുടമയായ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിന്റെ തന്നെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി , സുഹൃത്ത് ഫർഹാന എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ബാഗുമായി ഷുക്കൂർ കൊലപാതകം നടന്ന ഹോട്ടലിലേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷുക്കൂറിനെ അറസ്റ്റ് ചെയ്‌തത്.