വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഫണ്ട് എത്തിച്ചു: ‘ന്യൂസ് ക്ലിക്ക്’ എഫ്ഐആർ

news image
Oct 6, 2023, 1:38 pm GMT+0000 payyolionline.in

ന്യൂഡൽഹി: വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ആയിരക്കണക്കിന് ഷെൽ കമ്പനികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി ഫണ്ട് എത്തിച്ചെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ. ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്ക്ലിക്ക് പോർട്ടൽ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയ്ക്കും മറ്റുള്ളവർക്കുമെതിരായ എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് ടെലികോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് പകരമായി അവർക്കെതിരെയുള്ള കേസുകളിൽ പ്രതിരോധം തീർക്കുന്നതിന് പ്രബിർ പുർകയസ്ഥ, നെവിൽ റോയ് സിംഘം, ഗീത ഹരിഹരൻ, ഗൗതം ഭാട്ടിയ എന്നിവർ ഇന്ത്യയിൽ ഒരു ‘ലീഗൽ കമ്യൂണിറ്റി നെറ്റ്‌വർക്ക്’ സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഇന്ത്യയുടെ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവയെ തുരങ്കം വയ്ക്കുന്ന തുടർച്ചയായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഗൂഢാലോചന നടത്തി.

‘‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനോട് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കർഷകർക്കിടയിൽ അതൃപ്തി ഉളവാക്കുക വഴി ഇവർ രാജ്യാന്തര തലത്തിലുള്ള ഒരു വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പും പൊരുത്തക്കേടുകളും സൃഷ്ടിക്കുകയാണ്. ഈ പ്രവൃത്തികൾ നടപ്പാക്കുന്നതിന് അനധികൃതമായി വിദേശ ഫണ്ട് സ്വരൂപിക്കുന്നതിനായി നിരവധി കമ്പനികൾ ഉപയോഗിച്ചത് ഒരു ശൃംഖല പ്രതികൾ സൃഷ്ടിച്ചു.’’ – എഫ്‌ഐ‌ആർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയാണ് ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ പ്രബിർ പുർകയസ്ഥയെയും ന്യൂസ് ക്ലിക്കിലെ നിക്ഷേപകനും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഡൽഹി പൊലീസ് ഇവരെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെ ഓഗസ്റ്റ് 17നു യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു. തീസ്ത, പരഞ്ജോയ് എന്നിവർക്കു ന്യൂസ് ക്ലിക്ക് പണം കൈമാറിയെന്ന ആരോപണവും ഇഡി പരിശോധിക്കുന്നുണ്ട്. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe