വൻ തുക വായ്പ എടുത്ത് കുവൈത്തിൽ നിന്ന് മലയാളി നഴ്സുമാർ അടക്കം മുങ്ങിയ സംഭവം, മുൻകൂർ ജാമ്യാപേക്ഷ തള്ളി

news image
Apr 11, 2025, 8:06 am GMT+0000 payyolionline.in

കൊച്ചി: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീ‍ർത്തിമോൻ സദാനന്ദൻ,  മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്.  കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തിൽ നിന്നുളള 1300 ഓളം പേ‍ർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. മലയാളി നഴ്സുമാർ അടക്കമുള്ളവരാണ് വായ്പ എടുത്ത് തിരിച്ച് അടയ്ക്കാതെ മുങ്ങിയെന്നായിരുന്നു ആരോപണം ഉയർന്നത്. ജോലി ചെയ്യുന്ന സമയത്ത് വൻ തുക ലോൺ എടുത്ത ശേഷം  ലീവ് എടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറി പാർത്ത ശേഷം ലോൺ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയർന്ന പരാതി. ചെറു തുകയുടെ ലോൺ എടുത്ത് കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വലിയ തുക ലോൺ എടുത്ത ശേഷം തട്ടിപ്പ് നടത്തുന്നത് എന്നായിരുന്നു ആരോപണം. 1425 ഇന്ത്യക്കാർ കുവൈത്ത് ഗൾഫ് ബാങ്കിൽ നിന്നായി 700 കോടി തട്ടിയെന്നായിരുന്നു പരാതി. കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പത്ത് കേസുകളിലായി 10.21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഉയർന്ന ആരോപണം.

തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൌണ്ടുകളേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളി നഴ്സുമാർ അടക്കമുള്ളവർ നടത്തിയ തട്ടിപ്പ് വ്യക്തമായത്. കുവൈത്ത് മിനിസ്ട്രി നഴ്സുമാരായി ജോലി ചെയ്ത 800 നഴ്സുമാരാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നാണ് വ്യക്തമായിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe