പത്തനംതിട്ട: മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് മതപണ്ഡിതർ അഭ്യർത്ഥിച്ചു. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ), തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), പനവൂർ സഫീർ ഖാൻ മന്നാനി (പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ് ), എ ആർ അൽ അമീൻ റഹ്മാനി (ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും, അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയച്ചതായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.