ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: അന്വേഷണം ഊര്‍ജിതം

news image
Oct 7, 2025, 7:46 am GMT+0000 payyolionline.in

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമുകള്‍ പരിശോധിച്ചു. അന്വേഷണസംഘം ഉടന്‍ തലസ്ഥാനത്തെത്തി യോഗം ചേരും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലേക്ക് കടക്കും.

അതേസമയം തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശല്‍ വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് കഴിഞ്ഞ ദിവസമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

തുടര്‍ന്നാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘം വിജിലന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും.

 

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ പാളി ചെമ്പുപാളിയാണെന്ന് രേഖകളില്‍ വരുത്തിതീര്‍ത്തത് 2019 ലെ ഉദ്യോഗസ്ഥരായിരുന്നു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകും എന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ഉണ്ണികൃഷ്ണന്‍ പോറ്റി ഇമെയില്‍ സന്ദേശം അയച്ച വിഷയം, തന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടല്ലെന്നു എന്‍. വാസു പറഞ്ഞു. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇതുവരെയുള്ള എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe