ചെന്നൈ: ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലും കട്ടിലപ്പടിയും എന്ന പേരിൽ ചെന്നൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി സംഘടിച്ച പ്രദർശന മേളയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. നടൻ ജയറാമും ഗായകൻ വീരമണിയും ഉൾപ്പെടെ പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങൾ 2019ൽ ഒരു യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തതിന്നെങ്കിലും സ്വർണപ്പാളി വിവാദം ഉയർന്ന് വന്നതോടെയാണ് ചർച്ചയായത്.
ദൃശ്യങ്ങളിൽ കാണുന്ന പൂജയിൽ പങ്കെടുത്തതാണെന്ന് സമ്മതിച്ച ജയറാം, ഇത് ചെന്നൈയിലെ അമ്പത്തൂരിലെ ഒരു ഫാക്ടറിയിലാണ് നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതിനെ തുടർന്നാണ് അവിടെ പോയതെന്നും അതൊരു മഹാഭാഗ്യമാണെന്നും ജയറാം പറഞ്ഞു. തുടർന്ന് തന്റെ ആവശ്യപ്രകാരം ശബരിമലയിലേക്ക് കൊണ്ടുപോകും മുൻപ് തന്റെ വീട്ടിലെ പൂജമുറിയിലും എത്തിച്ചാണ് കൊണ്ടുപോയതെന്ന് ജയറാം പറഞ്ഞു.
‘ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ പരിചയമുള്ളതാണ്. ശബരിമലയിൽ പോകുമ്പോഴെല്ലാം കാണാറുമുണ്ട്. അങ്ങനെ ഇരിക്കെ അഞ്ചുവർഷം മുൻപാണെന്ന് തോന്നുന്നു, അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് വിളിച്ചു പറഞ്ഞു. അവിടെ ഒരു പൂജയുണ്ട്. വന്നാൽ സന്തോഷമെന്നും പറഞ്ഞു. വീരമണി രാജുവും ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് പൂജയിൽ പങ്കെടുക്കുന്നത്. നമ്മുടെ ജീവിതത്തിലെ മഹാഭാഗ്യമല്ലേ അയ്യപ്പന്റെ നടയിലേക്ക് പോകുന്നതിന് മുൻപ് കാണാൻ. അയ്യപ്പനായി തന്നൊരു ഭാഗ്യമായാണ് അന്നും ഇന്നും അതിനെ കാണുന്നത്.’- ജയറാം പറഞ്ഞു.
ജയറാമിന്റെ വീട്ടിൽ ഇത് എത്തിയിരുന്നോ എന്ന് ചോദ്യത്തിന് ‘വീട്ടിൽ എത്തിയിരുന്നെങ്കിൽ മഹാഭാഗ്യമല്ലേ, എന്നാൽ, ദൃശ്യങ്ങളിൽ കാണുന്നത് അമ്പത്തൂരാണ്. അവിടെ ഒരു ഫാക്ടറിയുടെ മുൻവശത്തെ റൂമാണ്. നല്ല ഭംഗിയായാണ് അത് ചെയ്തിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി എന്തുണ്ടെങ്കിലും വിളിക്കാറുണ്ട്. മുൻപ് ചങ്ങനാശ്ശേരിക്കടുത്ത് ഒരു ക്ഷേത്രത്തിൽ നടവാതിൽ വെച്ച് നടത്തിയ പൂജയിലും പങ്കെടുത്തിട്ടുണ്ട്. അതിന് മുൻപ് ദ്വാരപാലക ശിൽപം ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപുള്ള ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
ഈ ചടങ്ങിന് ശേഷം ഞാൻ ആവശ്യപ്പെട്ടു. പോകുന്ന വഴിക്ക് എന്റെ വീടിന്റെ പൂജ മുറിയിലും വെക്കുമോയെന്ന്. അങ്ങനെയാണ് തന്റെ വീട്ടിൽ വന്ന് പൂജിച്ച് കൊണ്ടുപോയി. ഞാൻ വീരമണിയേയും കുറച്ച് പൂജാരികളേയും വീട്ടിലേക്ക് ക്ഷണിച്ചു. അവർ ചെറിയ ദക്ഷിണ കൊടുത്തു. മാരുതി ഒമ്നിയിലാണ് കൊണ്ടുവന്നത്. അതിൽ കൊണ്ടുപോകുന്നത് സേഫ് ആണോ എന്നൊരു സംശയം അന്ന് തോന്നിയിരുന്നത്. മറ്റൊന്നും തനിക്കറിയില്ല.’ -ജയറാം പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തന് കൂടിയായ നടന് ജയറാം പങ്കെടുക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.