കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരുന്നു. ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
വെര്‍ച്വല്‍ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തര്‍ക്കും അനുമതി നല്‍കുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാന്‍ കാരണം. ഒരു ദിവസം 75,000 പേര്‍ക്ക് മാത്രമാകും ഇനി മല കയറാന്‍ അനുമതി. പതിനെട്ടാം പടിയില്‍ അനുഭവപരിചയമുള്ള പൊലീസുകാരെ വിന്യസിക്കണമെന്നും കേന്ദ്രസേനയെ എത്തിക്കാന്‍ കളക്ടര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശം നല്കി.
സ്പോട്ട് ബുക്കിംഗും വെര്‍ച്വല്‍ ക്യു ബുക്കിംഗും കര്‍ശനമായി നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്കി. സ്പോട്ട് ബുക്കിംഗ് 5,000 പേര്‍ക്കായി ചുരുക്കി. ഇന്നലെ 20,000 പേര് വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെര്‍ച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം.
കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. മണ്ഡലം മകരവിളക്ക് സീസണ് തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്നും കോടതി ചോദിച്ചു.
