തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്. ഹൈക്കോടതിയിൽ ഇന്നു നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിക്കുക. 1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ന് മുതല്‍ ഹൈക്കോടതിയിലെ നടപടികള്‍ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സമ്പന്ധിച്ച് ഹൈക്കോടതി റജിസ്ട്രാര്‍ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായ ഹര്‍ജി ഇന്ന് ഒന്നാമത്തെ ഐറ്റമായി തന്നെ ദേവസ്വം ബെഞ്ച് പരിഗണിക്കും. ശബരിമല സ്വർണക്കളളയിൽ ഓരോ രണ്ടാഴ്ച കൂടുന്പോഴും അന്വേഷണ പുരോഗതി റിപ്പോർട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെ സ്വർണം കവർന്നു എന്നാണ് എസ്ഐടി നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് ശ്രമം.ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നലെ മുഴുവൻ അനന്ത സുബ്രഹ്മണ്ത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് കിട്ടിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. പോറ്റിയുടെ ഇടപാടുകൾ, ബോർഡിലെ ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും പങ്കിനെ കുറിച്ചുള്ള മൊഴികൾ എന്നിവയും കോടതിയിൽ എത്തിയേക്കും.