ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ഇനി ആധുനിക സൗകര്യങ്ങൾ. ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു. നിലയ്ക്കലിലെ പദ്ധതി ഉദ്ഘാടനം ചെയ്തു. എരുമേലിയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും ബാക്കിസ്ഥലങ്ങളിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ 775 കോടി രൂപയുടെയും പമ്പയിൽ ഏതാണ്ട് 200 കോടി രൂപയുടെയും വികസനത്തിനാണ് മാസ്റ്റർ പ്ലാൻ. ശബരിമലയിൽ റോപ് വേ നിർമാണം ഉടൻ തുടങ്ങും. അതോടെ ഡോളി സമ്പ്രദായം അവസാനിക്കും. ഭക്തരെയും സാധനങ്ങളും ചുമന്നും ട്രാക്ടറിലും കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് റോപ് വേയിലേക്ക് മാറും. പ്രായംചെന്നവർക്കും മറ്റും ഇതു ഗുണം ചെയ്യും. കോട്ടയം ജില്ലയിൽ ഏതാണ്ട് 2,739 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനപദ്ധതികൾ കിഫ്ബി ഫണ്ടുവഴി നടപ്പാക്കുകയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിനു തന്നെ 800 കോടിയിൽപ്പരം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂരിലെ 92 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് മറ്റൊരു നേട്ടമെന്നും മന്ത്രി പറഞ്ഞു.