ശബരിമല: മീനമാസപൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ച ശേഷമാണ് ഭക്തരെ പടികയറാൻ അനുവദിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചിന് നടതുറന്ന് മീനമാസ പൂജകൾ ആരംഭിക്കും.
ഈ മാസം മുതൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ദർശന ക്രമീകരണം ഏർപ്പെടുത്തി. പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് ഇനിമുതൽ ഫ്ലൈഓവറിൽ കാത്തുനിൽക്കാതെ നേരിട്ട് സോപാനം വഴി ദർശനം നടത്താം.
പടികയറി എത്തിയ അയ്യപ്പഭക്തരെ ൈഫ്ല ഓവറിലേക്ക് കടത്തിവിടാതെ കൊടിമരത്തിന്റെയും ബലിക്കൽ മണ്ഡപത്തിന്റെയും ഇരുവശത്തുകൂടെയാണ് ദർശനത്തിന് കടത്തിവിട്ടത്. 30 മുതൽ 50 സെക്കൻഡുവരെ തീർഥാടകർക്ക് ദർശനം സാധ്യമായി. ദേവസ്വം ബോർഡ് 40 വർഷത്തിനുശേഷം നടപ്പാക്കിയ പുതിയ പദ്ധതിയിൽ തീർഥാടകർ സംതൃപ്തി രേഖപ്പെടുത്തി. ദീർഘസമയം ദർശനം ലഭിച്ചതിന്റെ സന്തോഷവും സംതൃപ്തിയും തീർഥാടകർ പങ്കുവെച്ചു.
വെള്ളിയാഴ്ച വൈകീട്ട് നട തുറന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. അജികുമാർ, സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടക്കും.
ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് ഫ്ലൈഓവറിൽ കാത്തു നിൽക്കാതെ നേരിട്ട് സോപാനം വഴി ദർശനം നടത്താവുന്ന സംവിധാനം