മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 26 നും 27നും ഉള്ള വെർച്വൽക്യൂ ബുക്കിങ് തുടങ്ങി. പ്രധാന ദിവസങ്ങൾ ഒഴികെ മണ്ഡല- മകരവിളക്കു തീർഥാടന കാലത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഇതിൽ മണ്ഡല കാലത്തെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്ന 26നും മണ്ഡലപൂജ ദിവസമായ 27നും ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങാണ് ഇന്നലെ വൈമു തുടങ്ങിയത്. 26ന് 30,000, 27ന് 35,000 പേർക്കു മാത്രമാണ് വെർച്വൽക്യു അനുവദിച്ചിട്ടുള്ളത്. രണ്ട് ദിവസവും 5000 പേർക്ക് സ്പോട് ബുക്കിങ് വഴിയും ദർശനമുണ്ട്.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കി 26ന് വൈകിട്ടാണ് സന്നിധാനത്ത് എത്തുക. വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. ദേവസ്വം ഭാരവാഹികൾ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ മായി സന്നിധാനത്ത് എത്തിക്കും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഇത് കണ്ടുതൊഴാനാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.
രാവിലെ 10 നെയ്യഭിഷേകം പൂർത്തിയാക്കി മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും.
കളഭാഭിഷേകത്തിനു ശേഷം അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡല കാല തീർഥാടനം പൂർത്തിയാക്കി ക്ഷേത്രനട 27ന് രാത്രി 10ന് അടയ്ക്കും. പിന്നെ മകരവിളക്കിനായി 30ന് വൈകിട്ട് 5ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. മകരവിളക്കിൻ്റെ പ്രധാന ദിവസങ്ങളായ ജനുവരി 13, 14 ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയിട്ടില്ല.
