എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് പരിശോധിക്കുന്ന വിദഗ്ധസമിതി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ നിർദേശിച്ച സമയത്തിന് മുമ്പുതന്നെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നതായി സമിതി അംഗങ്ങൾ പറഞ്ഞു.
എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹ്യാഘാത പഠനം നടത്തിയത്. ജൂൺ 30ന് ഇവർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച സംഘം പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന എസ്റ്റേറ്റ് തൊളിലാളികളുടെ പ്രശ്നങ്ങൾ കഴിഞ്ഞദിവസം നേരിട്ട് കേട്ടിരുന്നു. അന്ന് എത്താൻ കഴിയാത്തവർ വിദഗ്ധസമിതി അംഗങ്ങൾക്ക് പരാതികൾ എഴുതി നൽകുന്നുണ്ട്. ഈ പരാതികളും സമിതി പരിശോധിച്ചശേഷമാകും സർക്കാരിന് ശുപാർശ സമർപ്പിക്കുന്നത്. ഈ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും പുനരധിവാസ പാക്കേജ് അടക്കമുള്ള സുപ്രധാന നടപടികൾ സർക്കാർ തീരുമാനിക്കുന്നത്.
എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് അസോ. പ്രൊഫ. ഡോ. ബിജി ലക്ഷ്മണൻ, കണ്ണൂർ വിമാനത്താവളം ഡയറക്ടർ കെ പി ജോസ്, സിഎംഎസ് കോളേജ് അധ്യാപകൻ ഡോ. സിബിൻ മാത്യു മേടയിൽ, മണിമല പഞ്ചായത്തംഗം റോസമ്മ ജോൺ, എരുമേലി പഞ്ചായത്തംഗം അനുശ്രീ സാബു എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ.