ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

news image
Nov 11, 2025, 12:41 pm GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

കേസിൽ മൂന്നാം പ്രതിയാണ് വാസു. ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019-ൽ എൻ. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ ദേവസ്വം ബോർഡ് കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. അറസ്റ്റിലായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്‌ഐടി സംഘം എൻ. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.

മാർച്ച് 31-ന് കമ്മിഷണർ സ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റായി. എൻ. വാസു പ്രസിഡന്റായിരിക്കെയാണ് സ്വർണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം പൂശൽ കഴിഞ്ഞശേഷവും സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ സന്ദേശം. എന്നാൽ, ഇതു സംബന്ധിച്ച് വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയിൽ സന്ദേശം താൻ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe