ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കർദാസിന് ജാമ്യമില്ല, രണ്ട് ജാമ്യഹർജികളും കോടതി തള്ളി

news image
Mar 2, 2026, 10:16 am GMT+0000 payyolionline.in

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിന് ജാമ്യം ലഭിച്ചില്ല. സ്വർണക്കൊള്ള കേസിൽ ശങ്കർദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ ശങ്കർദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകളടക്കം പരിശോധിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കട്ടിളപ്പാളി കേസിലും ദ്വാരപാലക പാളി കേസുകളിലും പ്രതിയാണ് കെ രി ശങ്കർദാസ്. ജനുവരി 14നായിരുന്നു ശങ്കർദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ പത്മകുമാർ അംഗമായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കർദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.

ജനുവരി 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ നിന്നും ശങ്കർദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു മാറ്റം. ശങ്കർദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ശങ്കർദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇതിന് പിന്നാലെയാണ് ശങ്കർദാസിനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതും അവിടെ ചികിത്സ തുടരാനും തീരുമാനമായതും.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകപാളി കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ ബൈജു ജയിൽ മോചിതനായിരുന്നു. കേസിൽ ഏഴാമതായി ജയിൽ മോചിതനാകുന്ന ആളായിരുന്നു ബൈജു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe