ശമ്പള പരിഷ്കരണം: ‘സര്‍ക്കാര് അനുകൂലം, ഉദ്യോഗസ്ഥർ കാലതാമസമുണ്ടാക്കുന്നു’; ബിവറേജസ് ജീവനക്കാർ പണിമുടക്കിലേക്ക്

news image
Jun 13, 2023, 12:55 pm GMT+0000 payyolionline.in

തിരുവനന്തപുരം: പതിനൊന്നാം ശമ്പളപരിഷ്ക്കരണം കെഎസ്ബിസിയിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്ക് സമരത്തിലേക്ക്. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ യോഗത്തിലാണ് പണിമുടക്കിന്‍റെ കാര്യത്തിൽ തീരുമാനമായത്. ഇതിന് മുന്നോടിയായി ജൂൺ 20ന്  സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷന്‍റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരുടെ മാർച്ചും ധർണയും നടത്തും.

കെഎസ്ബിസി മാനേജ്മെന്‍റ് 13ന് പണിമുടക്ക് നോട്ടീസ് നൽകും. ജൂൺ 30ന്  സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ജൂൺ 15ന് മുമ്പ് എല്ലാ ജില്ലകളിലും കെഎസ്ബിസി എംപ്ലോയീസ് സംയുക്ത സമരസമിതി യോഗം ചേരും. സർക്കാർ പൊതുമേഖലക്കും കെഎസ്ബിസി ജീവനക്കാർക്കും അനുകൂലമായ നയസമീപനം സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിൽ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു അനാവശ്യ കാലതാമസം വരുത്തി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതിൽ  സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ യോഗം പ്രതിഷേധിച്ചു.

യോഗത്തിൽ ആറ്റിങ്ങൽ അജിത്ത് അധ്യക്ഷത വഹിച്ചു കെ എ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ബാബു ജോർജ്, കെ പി ശങ്കർദാസ്,  വി എസ് അരുൺ, കെ സുനേശൻ, എ ജേക്കബ്, വി ബാജി, കുരിപ്പുഴ വിജയൻ, സബീഷ് കുന്നങ്ങോത്ത് ജയകുമാർ  എന്നിവർ സംസാരിച്ചു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിന് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ മോഹന്‍ദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചത്. മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയായിരുന്നു കെ. മോഹൻദാസ്. ഹൈക്കോടതി അഭിഭാഷകനായ അശോക് മാമന്‍ ചെറിയാന്‍, കുസാറ്റിലെ സെന്‍റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ് ഹോണററി ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ പ്രഫ. എം.കെ. സുകുമാരന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe