കൊല്ലം: ശബരിമല സ്വർണപ്പാളി വിവാദം കത്തിനിൽക്കെ കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 12 വര്‍ഷം മുന്‍പാണ് അഴിമതി ആരോപണത്തെ തുടർന്ന് അഞ്ചര കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം മാറ്റിയത്. സ്വർണം നഷ്ടമായെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ശാസ്താംകോട്ട ധർമ്മ ശാസ്താ ക്ഷേത്തിലെ കൊടിമര വിവാദം വർഷങ്ങൾക്കിപ്പുറവും കെട്ടടങ്ങിയിട്ടില്ല. 2013ൽ ഒന്നരക്കോടിലധികം രൂപ ചിലവിട്ട് സ്വര്‍ണക്കൊടിമരം സ്ഥാപിച്ചു. നാട്ടുകാര്‍ നല്കിയ സംഭാവന കൊണ്ടാണ് അഞ്ചര കിലോയിലധികം സ്വര്‍ണം കൊണ്ട് അന്ന് കൊടിമരം ഉയർന്നത്. മാസങ്ങള്‍ക്കകം കൊടിമരം ക്ലാവ് പിടിച്ചതോടെ അഴിമതി ആരോപണം ഉയർന്നു. ആരോപണം ദേവസ്വം ബോർഡ് തള്ളിയെങ്കിലും നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ സ്വർണ്ണം ഇളക്കി പരിശോധിക്കാൻ ഉത്തരവായി.
മെര്‍ക്കുറി കൂടിയതാണ് സ്വർണം കറുക്കാൻ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വന്നു. ഇതോടെ കോടതി കേസ് തീര്‍പ്പാക്കി. എന്നാൽ ഇതുവരെയും ദേവസ്വം ബോർഡ് സ്വർണ കൊടിമരം പുനസ്ഥാപിച്ചിട്ടില്ല. നിലവിലെ കൊടിമരം ചെമ്പാണ്. സ്വര്‍ണം കടുത്തു പോയതിനാൽ കൊടിമരം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു തിരുവാഭരണ കമ്മിഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാൽ ശബരിമല സ്വർണപ്പാളി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ശാസ്താംകോട്ടയിലെ സ്വർണക്കൊടിമര വിഷയത്തിൽ നാട്ടുകാർ ദുരൂഹത സംശയിക്കുന്നു. എത്രയും വേഗം കൊടിമരം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.