ആലുവ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി 1500ഓളം പൊലീസ് ഉദ്യോഗസ്ഥരെ ബലിതര്‍പ്പണം നടക്കുന്ന വേളയില്‍ മണപ്പുറത്തും നഗരത്തിലുമായി വിന്യസിക്കും. തുടര്‍ന്ന്, ഒരുമാസം ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിത്യേന വിന്യസിക്കും. മണപ്പുറം മുഴുവന്‍ സി.സി ടി.വി പരിധിയില്‍ കൊണ്ടുവന്ന് നിരീക്ഷിക്കാനുള്ള ക്രമീകരണം നഗരസഭ ചെയ്തിട്ടുണ്ട്. മണപ്പുറത്ത് താല്‍ക്കാലിക പൊലീസ് സ്റ്റേഷനും ഒരുമാസം ഉണ്ടാകും. ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗവും മണപ്പുറത്ത് ഉണ്ടാകും. ശിവരാത്രി ദിവസം 40 ഫയര്‍ഫോഴ്സ് അംഗങ്ങളും 50 സിവില്‍ ഡിഫന്‍സ് സേന അംഗങ്ങളും രണ്ട് ടീമുകളായി പ്രവര്‍ത്തിക്കും.
ഗതാഗത വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ നിയന്ത്രണത്തില്‍ രണ്ട് ആര്.ടി.ഒമാരുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 25 സ്ക്വാഡ് പട്രോളിങ്ങിനുണ്ടാകും. മദ്യ, ലഹരി പദാർഥങ്ങളുടെ വിൽപന തടയാൻ എക്സൈസ് വിഭാഗവും നടപടി സ്വീകരിച്ചിട്ടുണ്ട്. മണപ്പുറത്ത് കുടിവെള്ള ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ ജല അതോറിറ്റി നടപടി സ്വീകരിക്കും. ജില്ല ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും മണപ്പുറത്ത് ഉണ്ടാകും.
കെ.എസ്.ആര്.ടി.സി താല്‍ക്കാലിക ബസ് സ്റ്റേഷനും ഗാരേജും
ശിവരാത്രി നാളില്‍ എത്തുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സിയുടെ താല്‍ക്കാലിക ബസ് സ്റ്റേഷനും ഗാരേജും മണപ്പുറത്ത് നഗരസഭ സജ്ജീകരിക്കും. സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വിസ് നടത്തും. ദക്ഷിണ റെയില്‍വേ ശിവരാത്രി പ്രമാണിച്ച് സർവിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ ശിവരാത്രി ദിനത്തില്‍ രാത്രിയിലുള്ള സർവിസുകളുടെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഹോമിയോ ആശുപത്രിയും
ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കുമെന്ന് ഡി.എം.ഒ ഡോ. മേഴ്സി ഗോൺസാൽവസ് അറിയിച്ചു. ഇവിടെ സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാകും.
ക്യാമ്പ് ഓഫിസർ ഡോ. അഞ്ചിത ബോസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ലേഖ, എ.എസ്. ജ്യോതി, അഫ്സൽ, വി.എസ്. അനിൽകുമാർ, അഭിജിത്ത്, ശ്രീജിത്ത്, സ്മിത ആർ. മേനോൻ, അലക്സ് വർഗീസ്, വി.എസ്. നീതു എന്നിവരാണ് സേവനമനുഷ്ഠിക്കും.