ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ പരാതി. സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ കെ.സി. വേണുഗോപാല്‍ പരാതി നല്‍കി. ചാനൽ പരിപാടിക്കിടെ ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണമാണ് കേസിന് ഇടയാക്കിയത്.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു, ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു തുടങ്ങിയ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും സ്ഥാനാർഥിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതിനുമുള്ള ശ്രമമാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് തടയിടേണ്ടതാണെന്നും അന്വേഷണം ആവശ്യപ്പെട്ടുമാണ് പരാതി സമര്‍പ്പിച്ചതെന്ന് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. നസീറും ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂറും ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.