കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ക്ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി