ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം ഇനി വേണ്ടെന്ന് നിർദേശം

news image
Oct 21, 2024, 3:38 pm GMT+0000 payyolionline.in

പാലക്കാട്: ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നുമാണ് നിർദേശം. ഷാഫിയുടെ പ്രവർത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടർന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിർദേശം. എന്നാൽ, തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ആരോപണങ്ങളിൽ തളരില്ല, കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറഞ്ഞു. ബിജെപിയും സിപിഎമ്മും ഷാഫിയെ വില്ലൻ കഥാപാത്രമാക്കി മാറ്റുന്നു എന്നാണ് വി ഡി സതീശൻ പറയുന്നത്. ഇപ്പോഴാണ് ഷാഫിയുടെ ശക്തി മനസിലായതെന്നും സതീശൻ പറയുന്നു.

പാലക്കാട്ട് കോണ്‍ഗ്രസിനുള്ളിൽ ഷാഫി പറമ്പിനെതിരെ കടുത്ത അതൃപ്തി പുകയുകയാണ്. ഷാഫി പറമ്പിൽ പ്രവർത്തന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എസ് വിജയരാഘവൻ ഇന്ന് രംഗത്തുവന്നു. അതിനിടെ, ഷാഫി പറമ്പിൽ എംപിയെ വിമര്‍ശിച്ചും പി സരിനെ അനുകൂലിച്ചും ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയും ഉയര്‍ന്നു. ഇതിനെല്ലാം പിന്നാലെയാണ് പാലക്കാട്‌ വിമത ശബ്ദം ഉയർത്തിയ മുഴുവൻ നേതാക്കളുമായും കെപിസിസി ചർച്ച നടത്തിയത്. പിന്നാലെ ഡിസിസി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രം പ്രചരണം നടത്താൻ ഷാഫിക്ക് നിർദേശം നല്‍കി എന്നാണ് വിവരം. അതേസമയം, വിവാദങ്ങളിൽ നിന്ന് മാറി സംസ്ഥാന സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിലൂന്നാനാണ് യുഡിഎഫിന്റെ ശ്രമം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe