താമരശ്ശേരി: ഈങ്ങാപ്പുഴയിലെ ഷിബില (24) വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് യാസിറിന്റെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളിൽ യാസിർ കത്തി വാങ്ങിയ കടയിലും കാറിന് ഇന്ധനം നിറച്ച പെട്രോൾ ബങ്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ബുധനാഴ്ച യാസിറിനെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചെങ്കിലും അക്രമ സാധ്യതയുണ്ടെന്ന രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.
യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയതായും വിശദമായി ചോദ്യം ചെയ്തതായും താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ അറിയിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ യാസിറിനെ വീണ്ടും റിമാൻഡ് ചെയ്തു. മാർച്ച് 18ന് വൈകീട്ടോടെയാണ് ഈങ്ങാപ്പുഴ കക്കാടുള്ള വീട്ടിൽ കാറിലെത്തിയ യാസിർ കത്തികൊണ്ട് കുത്തി ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.
തടയാൻ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനക്കും പരിക്കേറ്റിരുന്നു.