മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച് നാളുകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയാകാനുള്ള കടമ്പകൾ നീങ്ങി. ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ അറിയിച്ച ഷിൻഡെ തനിക്ക് അതൃപ്തിയില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടരവർഷം ഒരു ശിവസൈനികനെ മുഖ്യമന്ത്രിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബാൽ താക്കറെയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അല്ല സാധാരണക്കാരനായിട്ടാണ് പ്രവർത്തിച്ചതും ജീവിച്ചതും. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.ബി.ജെ.പി കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ലെന്ന് പ്രധാനമന്ത്രിയെയും അമിത് ഷായേയും ഇന്നാലെ ഫോണിൽ വിളിച്ച് ഉറപ്പു കൊടുത്തിരുന്നുവെന്നും ഷിൻഡെ അറിയിച്ചു.
മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും നാളെ അമിത് ഷായെ കാണും.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 131 കൂടുതൽ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നു. എന്നാൽ ഫലം വന്ന് ദിവസങ്ങളായിട്ടും സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമം മഹായുതി സഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇടഞ്ഞു നിന്ന ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.
ഷിൻഡെക്ക് ഒരവസരം കൂടി നൽകണമെന്നും വേണമെങ്കിൽ ബിഹാർ മോഡൽ പരീക്ഷിക്കാമെന്നുമായിരുന്നു ശിവസേനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ബി.ജെ.പി നിരുപാധികം തള്ളുകയായിരുന്നു.