ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യയുടെ മെഡൽ വേട്ട. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ പുരുഷ ടീം ലോക റെക്കോഡോടെ സ്വർണം നേടിയപ്പോൾ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ വെള്ളി നേടി. ഐശ്വരി പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുശേൽ, അഖിൽ ഷിയോറാൻ എന്നിവരടങ്ങിയ ടീമാണ് വെള്ളിയാഴ്ച ഇന്ത്യക്കായി ആദ്യ സ്വർണം നേടിയത്. 1769 സ്കോറുമായാണ് ഇന്ത്യൻ ടീമിന്റെ സുവർണ നേട്ടം. കഴിഞ്ഞ വർഷം പെറുവിൽ യു.എസ് ഷൂട്ടർമാർ സ്ഥാപിച്ച റെക്കോഡിനേക്കാൾ എട്ട് സ്കോർ അധികം നേടിയാണ് ഇന്ത്യൻ ടീം ചരിത്രം കുറിച്ചത്. ചൈന വെള്ളിയും കൊറിയ വെങ്കലവും നേടി. ഗെയിംസിലെ ഇന്ത്യയുടെ ഏഴാം സ്വർണമാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിലൂടെ നേടിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇഷ സിങ്, പലക്, ദിവ്യ തഡിഗോൾ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്. 1731 സ്കോർ നേടിയാണ് വെള്ളിയാഴ്ചത്തെ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. വ്യാഴാഴ്ച പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സരബ്ജോത് സിങ്, അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ടീം സ്വർണം നേടിയിരുന്നു. വുഷുവിൽ വനിതകളുടെ 60 കിലോ സാൻഡ വിഭാഗത്തിൽ റോഷിബിന ദേവിയുടെ വെള്ളിയും കുതിര സവാരിയിൽ വ്യക്തിഗത ഡ്രെസ്സാഷ് ഇനത്തിൽ അനുഷ് അഗർവല്ലയുടെ വെങ്കലവുമായിരുന്നു വ്യാഴാഴ്ചത്തെ മറ്റു മെഡൽ നേട്ടങ്ങൾ. പുരുഷ ഹോക്കിയിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 4-2ന് തോൽപിച്ചപ്പോൾ പുരുഷ ഫുട്ബാളിൽ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ് പുറത്തായി.
നിലവിൽ 27 മെഡലുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.