ഷൊർണൂരില്‍ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ചത്‌ കൊലപാതകമെന്ന്‌ പൊലീസ്‌ ; പ്രതി അറസ്‌റ്റിൽ

news image
Sep 9, 2023, 4:32 am GMT+0000 payyolionline.in

ഷൊർണൂർ: കവളപ്പാറ നീലാമലക്കുന്നിൽ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ചത്‌ കൊലപാതകമെന്ന്‌ പൊലീസ്‌. സംഭവത്തിൽ തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടിൽ മണികണ്ഠനെ (48) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കവളപ്പാറ നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ എ ആർ പത്മിനി (74), എ ആർ തങ്കം (71) എന്നിവരാണ് മരിച്ചത്‌. വ്യാഴം പകൽ മൂന്നോടെയാണ് ഇവരെ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടത്. സംഭവസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മണികണ്ഠനെ വ്യാഴാഴ്‌ച പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച ഉച്ചയ്‌ക്ക് മണികണ്ഠൻ പത്മിനിയുടെ വീട്ടിലെത്തി. പെയിന്റിങ് ജോലിക്ക് എത്തിയ മണികണ്ഠൻ പത്മിനിയുമായി പരിചയം പുതുക്കി. അകത്ത് കയറിയ പ്രതി പത്മിനിയുമായി സംസാരം തുടങ്ങി, ഇതിനിടയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇതുകണ്ട് പത്മിനി ബഹളംവച്ചു. മൽപിടിത്തത്തിൽ പത്മിനിയെ മർദിച്ച്‌ മുറിവേൽപ്പിച്ചു. സമീപത്തെ വീട്ടിലായിരുന്ന തങ്കം ബഹളംകേട്ട്‌ ഓടിയെത്തി. സഹോദരിമാർ ചെറുക്കുന്നതിനിടെ മണികണ്ഠൻ ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് അടുക്കളയിലിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് ഊരി തീ കൊളുത്തി. ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റതുമാണ് സഹോദരിമാരുടെ മരണകാരണമെന്ന് പാലക്കാട് എസ്‌പി ആർ ആനന്ദ് പറഞ്ഞു.
മണികണ്‌ഠന്റെ തലയിലും ദേഹത്തും മുറിവുണ്ട്‌. മോഷണത്തിന്‌ ഉറപ്പിച്ചാണ്‌ ഇയാൾ എത്തിയത്‌.

സ്വർണാഭരണങ്ങൾ ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ശനിയാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.  മണികണ്ഠനെതിരെ തൃത്താല പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe