താനൂർ : ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്ക്. നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനിൽ നിന്നും വീണത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.ഷൊർണൂർ കോഴിക്കോട് പാസഞ്ചറിൽ തിരൂരിൽ നിന്ന് കയറിയ സുകന്യ താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ച് ട്രെയിനിൽ നിന്നും വീണതായി ഭർത്താവ് അലക്സാണ്ടർ പരപ്പനങ്ങാടി റെയിൽവേ മാസ്റ്ററെ അറിയിച്ചു.
തുടർന്ന് റെയിൽവേ ബിടി സംഘം, താനൂർ പൊലീസ്, ടിഡിആർഎഫ് വളണ്ടിയർമാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി. ഓലപ്പീടിക ഭാഗത്തു നിന്നുമാണ് യുവതിയെ കണ്ടെത്തിയത്. ഓലപ്പീടിക ഗേറ്റിന് അമ്പത് മീറ്റർ മുമ്പ് ഒരു വീടിൻ്റെ വരാന്തയിൽ തല പൊട്ടിയ നിലയിലായിരുന്നു യുവതിയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താനൂർ പൊലീസ് സ്ഥലത്തെത്തി. യുവതിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.