ഷൊർണൂർ ട്രെയിൻ ആക്രമണം: പ്രതി സ്ഥിരം കുറ്റവാളി, മുൻപ് ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ചതിനും കേസ്

news image
May 16, 2023, 1:37 am GMT+0000 payyolionline.in

പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച്  യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. മദ്യത്തിന് അടിമയാണ് പ്രതി സിയാദ്. തൃശ്ശൂരിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ അടക്കം പ്രതിയാണ് ഇയാൾ. റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ആണ് സിയാദ് ഉറങ്ങാറുള്ളത്. സൗജന്യ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ശീലമെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. പട്ടാമ്പി കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളെ വൈകാതെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് ഷൊർണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ മാത്യു അറിയിച്ചു.

കഴിഞ്ഞ ദിവസം മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രതി സിയാദ് കുപ്പി കൊണ്ട് കുത്തുകയായിരുന്നെന്ന് ദേവദാസ് പറഞ്ഞു. രാത്രി 10.50നാണ് സംഭവം നടന്നത്. മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ ഗുരുവായൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് കയറിയതാണ് ദേവദാസ്. കംപാർട്ട്മെൻറിൽ പ്രതി സിയാദ് ബഹളം വെക്കുകയും യാത്രക്കാരായ  സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്തു. ദേവദാസ് ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. ഷൊർണൂർ റയിൽവെ സ്‌റ്റേഷനിൽ എത്തും മുമ്പേ ട്രയിൻ സിഗ്നലിൽ പിടിച്ചിട്ടു. ഈ സമയത്ത് പ്രതി ട്രെയിനിൽ നിന്ന് പുറത്തിറങ്ങി. പാളത്തിൽ കിടന്ന കുപ്പിയെടുത്ത് പൊട്ടിച്ച് വീണ്ടും ട്രയിനിൽ കയറി ദേവദാസിനെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ദേവദാസിനെ ഷൊർണൂരിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്കും കവിളിനുമാണ് ദേവദാസിന് കുത്തേറ്റത്. ദേവദാസിനെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ ആർപിഎഫ് ഓടിച്ചിട്ട് പിടികൂടി. പ്രതിയുടെ  കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സിയാദ് മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതി ആലുവയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഇയാളുടെ കയ്യിൽ ഒരു റിസർവഷൻ ടിക്കറ്റുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe