സംവരണ വിഭാഗക്കാര്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: സുപ്രീംകോടതി

news image
Jan 7, 2026, 6:31 am GMT+0000 payyolionline.in

ജനറല്‍ വിഭാഗത്തിനു നിശ്ചയിച്ച കട്ട് ഓഫിനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സംവരണവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ത്തന്നെ നിയമനം നല്‍കണമെന്ന് സുപ്രീംകോടതി. ജനറല്‍ ക്വാട്ടയെന്നത് ആരുടെയും സംവരണമല്ലെന്നും, മികച്ച പ്രകടനം നടത്തുന്നവരെ ജനറലായി നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.

രാജസ്ഥാനിലെ കോടതികളിലേക്കു നടത്തിയ റിക്രൂട്ട്മെന്റില്‍ ജനറല്‍ വിഭാഗക്കാരേക്കാള്‍ മികച്ച പ്രകടനം സംവരണവിഭാഗക്കാര്‍ നടത്തിയതോടെ അവരുടെ കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ന്നതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജനറല്‍ വിഭാഗം എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. ഒരു ഉദ്യോഗാര്‍ഥിക്ക് അതില്‍ കാണിക്കപ്പെടാനുള്ള ഏക വ്യവസ്ഥ മെറിറ്റ് മാത്രമാണെന്നും ഏതു തരത്തിലുള്ള സംവരണ ആനുകൂല്യം അവര്‍ക്ക് ലഭ്യമായി എന്നത് പരിഗണിക്കരുതെന്നും മുന്‍കാല സുപ്രധാന വിധിയില്‍ ( സൗരവ് യാദവ് കേസ്) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിഭാഗംതിരിച്ചുള്ള പട്ടികയുണ്ടാക്കല്‍ അനുവദനീയമാണെങ്കിലും മികവുകാണിച്ച സംവരണ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റിങ് ഘട്ടത്തില്‍ത്തന്നെ ഓപ്പണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി വിധിച്ചത്. ആദ്യം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജനറല്‍ അഥവാ ഓപ്പണ്‍ പട്ടിക തയ്യാറാക്കണം. തുടര്‍ന്ന്, അതില്‍പ്പെടാത്ത സംവരണവിഭാഗക്കാരെ ഉള്‍പ്പെടുത്തി സംവരണക്കാര്‍ക്കുള്ള പട്ടികയുണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് സംവരണക്കാര്‍ക്ക് ഇരട്ടി ആനുകൂല്യം നല്‍കലാകുമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. അതേസമയം, ജനറല്‍വിഭാഗം എന്നത് ആര്‍ക്കെങ്കിലുമുള്ള ക്വാട്ടയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരുവിധ ആനുകൂല്യവും ലഭിക്കാതെ ജനറല്‍ വിഭാഗക്കാരെക്കാള്‍ മികച്ച പ്രകടനം സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ഥി നടത്തിയാല്‍ അവരെ ഓപ്പണ്‍ പട്ടികയില്‍ത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe