സംസ്ഥാനങ്ങൾ ഐ.സി.യു ചികിത്സ മാർഗനിർദേശം നൽകിയില്ല; ഉദ്യോഗസ്ഥരെ വിളിപ്പിച്ച് സുപ്രീംകോടതി, കേരളത്തിനും നോട്ടീസ്

news image
Oct 16, 2025, 1:50 am GMT+0000 payyolionline.in

ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ(ഐ.സി.യു) ക്രിട്ടിക്കൽ കെയർ യൂനിറ്റുകളിൽ (സി.സി.യു) പ്രവേശിപ്പിക്കുന്നതിൽ മാർഗരേഖ തയാറാക്കുന്നതിന് നിർദേശം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിപ്പിച്ച് സുപ്രീംകോടതി.

ഒക്ടോബർ അഞ്ചിനകം എല്ലാ ആശുപത്രികളിലും ഐ.സി.യു, സി.സി.യു എന്നിവിടങ്ങളിൽ പ്രവേശനം, ചികിത്സ, ഡിസ്ചാർജ് എന്നിവക്കുള്ള മാർഗനിർദേശം തയാറാക്കി നൽകണമെന്നായിരുന്നു സെപ്റ്റംബർ 18ലെ കോടതി ഉത്തരവ്. മിക്ക സംസ്ഥാനങ്ങളും നിർദേശം സമർപ്പിച്ചില്ല. കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ ഒക്ടോബർ അഞ്ചിന് ശേഷമാണ് നിർദേശം സമർപ്പിച്ചത്. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനോ ആണ് ഹാജരാകേണ്ടത്.

2023ൽ കേന്ദ്ര സർക്കാർ ഐ.സി.യു, സി.സി.യു മാർഗ നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ടെങ്കിലും, ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങൾ സമാനമായ മാർഗനിർദേശങ്ങൾ നൽകാതെ അതു നടപ്പാക്കാൻ കഴിയില്ലെന്ന് ആഗസ്റ്റ് 19ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന്, സംസ്ഥാനങ്ങൾ അവരുടെ ആവശ്യങ്ങൾ പ്രാദേശികതലത്തിൽ യോഗം ചേർന്ന് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി മാർഗനിർദേശം തയാറാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

മെഡിക്കൽ അനാസ്ഥയുമായി ബന്ധപ്പെട്ട 2015ലെ കേസിലാണ് നടപടി. നിരവധി സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ അനാസ്ഥ വളരെ കൂടുതലാണെന്നും ഐ.സി.യു, സി.സിയു രോഗികളുടെ ചികിത്സക്ക് മാർഗനിർദേശങ്ങളോ ശസ്ത്രക്രിയയുടെ ഘട്ടത്തിലോ ശേഷമോ ശരിയായ പരിചരണമോ ഇല്ലെന്നും 2016ൽ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കേസ് നവംബർ 20ന് വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe