തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾ നടത്തിയ അക്രമങ്ങളുടെ സമ്പൂർണ വിവര ശേഖരണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സമീപകാലത്ത് വിദ്യാർഥികൾ തമ്മിലുള്ള അക്രമങ്ങളും അധ്യാപകർക്ക് നേരെയുള്ള അക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ മുന്നോടിയായി വിവരങ്ങൾ ശേഖരിക്കുന്നത്.
അക്രമം നടന്ന സ്കൂൾ, ജില്ല, തീയതി, അക്രമം സംബന്ധിച്ച ലഘുവിവരണം, അക്രമങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും പരിക്കേറ്റതിന്റെ വിവരങ്ങൾ, പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങൾ, എഫ്.ഐ.ആറിന്റെ പകർപ്പ് എന്നിവ സഹിതമുള്ള വിവരങ്ങൾ നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകിയത്. താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരണപ്പെട്ട സംഭവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉണർന്നത്.
അധ്യയന വർഷത്തിന്റെ അവസാനമായതോടെ, സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി ക്ലാസുകളിലെയും പത്താം ക്ലാസിലെയും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത് വ്യാപകമാണ്. ഷഹബാസിന്റെ മരണം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു.