കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി കഞ്ചാവ് കൈമാറുന്നതിലെ മുഖ്യകണ്ണി പിടിയില്‍. വിഴിഞ്ഞം പൊലീസാണ് ഒഡീഷയില്‍ ചെന്ന് മുന്‍പ് മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സ്റ്റേഷന് പരിധിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
ജൂലൈ18ന് ആറര കിലോ കഞ്ചാവുമായി വിഴിഞ്ഞം കാവൂവിള സ്വദേശി രാജു, വിഴിഞ്ഞം മൈത്രി മന്‍സിലില്‍ നാസുമുദീന്‍ എന്നിവര്‍ പിടിയിലായ സംഭവത്തിന്റെ തുടരന്വേഷണമാണ് പ്രതി രമേശ് ഷിക്കാക്കയിലേക്കെത്തിയത്. ഇതിനു പിന്നാലെ ഒളിവിലായിരുന്ന വിഴിഞ്ഞം സ്വദേശി ചൗക്ക സലീം എന്ന സലീമിനെയും പിടികൂടിയിരുന്നു.
പിടിയിലായവരില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് സംഘം ഒഡീഷയിലേക്ക് എത്തിയത്. വിശദമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. പ്രതി പിടിയിലായതറിഞ്ഞു സ്റ്റേഷനില്‍ തടിച്ചു കൂടിയ നാട്ടുകാരെ നീക്കിയത് ഒഡീഷ മുനിഗുഡ പോലീസ് സ്റ്റേഷനിലെ വനിത ഇന്‍സ്പെക്ടറായിരുന്നു.
തിരുവനന്തപുരം സിറ്റി ഡിസിപി (L &O ) (2) നകുല്‍ ആര് ദേശ്മുഖ് ഐ.പി.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് DySP ഷിബു എന്‍, വിഴിഞ്ഞം SHO പ്രകാശ്.ആര് എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്. ഐ ദിനേശ്, എ.എസ്.ഐ വിജയകുമാര്‍, എസ്.സി.പി.ഒ വിനയകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.